കോഴിക്കോട്: ഖത്തറിൽ നിന്ന് നാട്ടിലെത്തിയ ശേഷം കാണാതായ വളയം സ്വദേശി റിജേഷ് (35) തിരിച്ചെത്തി. സ്വന്തം ഇഷ്ടപ്രകാരമാണ് ബെംഗളൂരുവിലേക്ക് പോയതെന്ന് നാദാപുരം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായ റിജേഷ് പറഞ്ഞു. റിജേഷിനെ സ്വർണക്കടത്തുകാർ തട്ടിക്കൊണ്ടു പോയതായി പരാതി ഉയർന്നിരുന്നു.

കഴിഞ്ഞ ഒന്നര മാസമായി റിജേഷിനെ കുറിച്ച് ഒരു വിവരവുമില്ലെന്ന് കാണിച്ച് സഹോദരൻ രാജേഷ് വളയം പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടിലേക്ക് ഭീഷണിപ്പെടുത്തുന്ന ഫോൺ കോളുകൾ വരുന്നുണ്ടെന്നും പലരും തന്നെ തേടി വരുന്നുണ്ടെന്നും സഹോദരൻ പരാതിയിൽ പറഞ്ഞിരുന്നു. സഹോദരൻ രാജേഷിന്‍റെ പരാതിയിൽ വളയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൂന്ന് വർഷം മുമ്പാണ് റിജേഷ് ജോലിക്കായി ഖത്തറിലേക്ക് പോയത്. കഴിഞ്ഞ വർഷം ജൂൺ 10നാണ് ഇയാൾ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചത്. ജൂൺ 16ന് കണ്ണൂർ വിമാനത്താവളം വഴി നാട്ടിലെത്തും. കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല. റിജേഷിനെ തേടി ചിലർ വീട്ടിലെത്താൻ തുടങ്ങിയതോടെയാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.