കൊച്ചി: ദേശീയപാതകളുടെയും പി.ഡബ്ല്യു.ഡി റോഡുകളുടെയും അറ്റകുറ്റപ്പണികൾ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരായ ഹർജികൾ പരിഗണിച്ച ശേഷമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്. റോഡുകളിലെ മരണങ്ങൾ മനുഷ്യനിർമിത ദുരന്തമാണെന്ന നിരീക്ഷണത്തോടെയാണ് കുഴിയടയ്ക്കാൻ കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചത്. ആളുകളെ ഇങ്ങനെ മരിക്കാൻ അനുവദിക്കരുതെന്നും കോടതി പറഞ്ഞു. കളക്ടർമാരെ വിമർശിച്ച കോടതി എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്ന് ചോദിച്ചു. ഇത്രയും മോശം ദേശീയപാത ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ലെന്നും കോടതി പറഞ്ഞു.

റോഡിലെ അപകടങ്ങളിൽ ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണ്. എത്രകാലം ഇതുകണ്ടു നിശബ്ദമായിരിക്കാൻ പറ്റുമെന്നു ചോദിച്ച ഹൈക്കോടതി ജില്ലാ കലക്ടർമാർക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. ജില്ലാ കലക്ടർമാർ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും അപകടങ്ങൾ സംഭവിക്കാനായി കാത്തിരിക്കുകയാണോ എന്നും കോടതി ചോദിച്ചു.

യാത്ര പോയാൽ ആളുകൾ ജീവനോടെ തിരിച്ചുവരുമോ എന്ന് പറയാൻ കഴിയാത്ത രീതിയിലാണ് കേരളത്തിലെ റോഡുകളിലെ അവസ്ഥ. റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികർ മരിക്കുന്നത് പോലുള്ള സംഭവങ്ങളെ ഒറ്റപ്പെട്ട അപകടങ്ങളായി കാണാൻ കഴിയില്ല. കൊടുങ്ങല്ലൂർ ബൈപ്പാസിന്‍റെ അവസ്ഥയെന്താണെന്ന് ചോദിച്ച കോടതി അവരുടെ അധികാരപരിധിയിൽ നടക്കുന്ന സംഭവങ്ങൾക്ക് ജില്ലാ കളക്ടർമാർക്ക് ഉത്തരവാദിത്തമില്ലേയെന്നും ചോദിച്ചു. റോഡിലെ കുഴിയിൽ വീണ ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കോടതി നടുക്കം രേഖപ്പെടുത്തി.