കർണാടക : ബെംഗളൂരുവിലെ ശ്രീരംഗപട്ടണത്തെ രംഗനത്തിട്ടു പക്ഷിസങ്കേതത്തിന് റാംസർ സൈറ്റ് പദവി നൽകി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കർണ്ണാടകയിൽ ഈ പദവി ലഭിക്കുന്ന ആദ്യ തണ്ണീർത്തടമാണ് രംഗനത്തിട്ടു. ഇതുവരെ രാജ്യത്തെ 64 തണ്ണീർത്തടങ്ങൾക്കാണ് റാംസർ പദവി ലഭിച്ചിട്ടുള്ളത്. 1971 ഫെബ്രുവരി 12 ന് ഇറാനിലെ റാംസർ പട്ടണത്തിൽ 18 രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ഒപ്പുവച്ച കരാർ പ്രകാരം, പ്രത്യേകമായി സംരക്ഷിക്കപ്പെടേണ്ട പ്രദേശങ്ങളിൽ പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകൾ ബാധ്യസ്ഥരാണ്.
കാവേരി നദിക്ക് സമീപം 40 ഏക്കറിലധികം വിസ്തൃതിയിൽ ചിതറിക്കിടക്കുന്ന ആറ് ദ്വീപുകളുടെ സംഗമസ്ഥാനമാണ് കർണാടകയുടെ പക്ഷികാശിയെന്ന് അറിയപ്പെടുന്ന രംഗനത്തിട്ടു. ഇന്ത്യയുടെ പക്ഷിമനുഷ്യനായ ഡോ.സലിം അലിയാണ് ഈ സ്ഥലത്തിന്‍റെ പ്രാധാന്യം ആദ്യമായി തിരിച്ചറിഞ്ഞത്. 1940-ൽ രംഗനത്തിട്ടുവിനെ പക്ഷി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചു. ഓരോ വർഷവും നവംബർ മുതൽ ജൂൺ വരെ 200 ലധികം വ്യത്യസ്ത ദേശാടനപ്പക്ഷികൾ രംഗനത്തിട്ടുവിലേക്കു വരുന്നു. തടാകക്കരയിലെ മരത്തിന്‍റെ മുകളിൽ കൂടുകൂട്ടി മുട്ടയിടുകയും കുഞ്ഞുങ്ങളെ വിരിയിക്കുകയും ചെയ്ത ശേഷം ഇവ യാത്രയാകും. വർണ്ണകൊക്ക്, ചേരാകൊക്കൻ, ചട്ടുക്കൊക്കൻ, കന്യാസ്ത്രീകൊക്ക്, വെള്ള അരിവാൾ കൊക്കൻ തുടങ്ങിയ ദേശാടനപ്പക്ഷികളുടെ നിര നീളുന്നു. ഇതുകൂടാതെ, 188 ഇനം സസ്യങ്ങൾ, 69 ഇനം മത്സ്യങ്ങൾ, 30 ഇനം ചിത്രശലഭങ്ങൾ, 12 ഇനം തവളകൾ, മഗ്ഗർ മുതലകൾ, സ്മൂത്ത് കോട്ടഡ് നീർനായ എന്നിവയും രംഗത്തിട്ടുവിലെ ജൈവവൈവിധ്യത്തിന്‍റെ ഭാഗമാണ്.