തിരുവനന്തപുരം: ഈ മാസം 12 വരെ കേരളത്തിൽ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ ന്യൂനമർദം ഒഡീഷ, വടക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഒഡീഷ-ഛത്തീസ്ഗഡ് മേഖലയിലുടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ്ദം രൂപപ്പെട്ട പശ്ചാത്തലത്തിലാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലും 10-ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലും 11-ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും ഓറഞ്ച് അലെര്‍ട്ടിന് സമാനമായ ഒറ്റപ്പെട്ട അതി ശക്തമായ (115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ) ഇടിയോടു കൂടിയ മഴയ്ക്കുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിലും അതുകൊണ്ട് ഓറഞ്ച് അലെര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളത് കൊണ്ട് മലയോര മേഖലയില്‍ ജാഗ്രത തുടരണം. വനത്തിലും മലയോരങ്ങളിലും മഴ തുടരുന്നതിനാലും അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാലും നദികളിലെ ഒഴുക്ക് ശക്തമായിരിക്കും. അതിനാൽ യാതൊരു കാരണവശാലും ആരും ജലാശയങ്ങളില്‍ ഇറങ്ങരുത്.