ദുബായ്: യു.എ.ഇ.യിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം. ലിംഗസമത്വചിന്തയനുസരിച്ച് യു.എ.ഇ. പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ യൂണിഫോം ഏകീകരിക്കും. രക്ഷിതാക്കളുടെ അഭിപ്രായം കണക്കിലെടുത്താണ് പൊതുവിദ്യാലയങ്ങളിലെ യൂണിഫോം പരിഷ്കരിക്കുന്നതെന്ന് എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്‍റ് അറിയിച്ചു.

പുതിയ തീരുമാനം അനുസരിച്ച് വിദ്യാർത്ഥികൾക്ക് ടീഷർട്ടും പാന്‍റും ആയിരിക്കും യൂണിഫോം. ടി-ഷർട്ടിൽ സ്കൂൾ ലോഗോ ഒട്ടിക്കും. നേരത്തെ ആൺകുട്ടികളുടെ യൂണിഫോമിൽ ഉൾപ്പെടുത്തിയിരുന്ന ടൈ നീക്കം ചെയ്തു. ഹൈസ്കൂളിലെ പെൺകുട്ടികൾക്കുള്ള യൂണിഫോമിൽ പാവാടയും ഉൾപ്പെടുത്തിയിട്ടുണ്ട്.

കിന്‍റർഗാർട്ടൻ വിദ്യാർത്ഥികൾക്കായി കഴിഞ്ഞയാഴ്ച പുറത്തിറക്കിയ സ്കൂൾ യൂണിഫോമിൽ മാതാപിതാക്കൾ നിർദ്ദേശിച്ച മാറ്റങ്ങൾ അംഗീകരിച്ചാണ് തീരുമാനം. ഭാവിയിൽ സ്കൂൾ യൂണിഫോം രൂപകൽപ്പന ചെയ്യുന്നതിന് മാതാപിതാക്കൾ, വിദ്യാഭ്യാസ മേഖലയിലെ പ്രതിനിധികൾ, എമിറാത്തി ഡിസൈനർമാർ എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് ഇ.എസ്.ഇ അറിയിച്ചു. പുതിയ സ്കൂൾ യൂണിഫോം വിതരണം തിങ്കളാഴ്ച ആരംഭിക്കും.