കോഴിക്കോട്: (www.k-onenews.in) സിപിഎം നേതാക്കളുടെ സംഘപരിവാര്‍ ബന്ധം ഒരിക്കല്‍ കൂടി അനാവൃതമായിരിക്കുന്നതായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍. സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം പരിപാടി ഉദ്ഘാടനം ചെയ്താണ് സിപിഎം നേതാവും കോഴിക്കോട് മേയറുമായ ബീന ഫിലിപ്പ് ആര്‍എസ്എസ് പ്രീണനം അരക്കിട്ടുറപ്പിച്ചത്. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നും വെളിപ്പെടുത്തിയ മേയര്‍ സ്വന്തം സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നു.

ഒരുവശത്ത് സംഘപരിവാറിനും ആര്‍എസ്എസിന്റെ ഫാഷിസ്റ്റ് നിലപാടുകള്‍ക്കും എതിരാണെന്ന് വീമ്പിളക്കുകയും സംഘപരിവാറിന്റെ ന്യൂനപക്ഷ വേട്ടക്കെതിരെ സംരക്ഷകവേഷം കെട്ടുകയും ചെയ്യുന്ന അതേ സിപിഎമ്മാണ് പരസ്യമായ സംഘപരിവാര്‍ പ്രീണനവുമായി രംഗത്തുള്ളത്. ആര്‍എസ്എസ് ആശയത്തിലേക്ക് കുട്ടികളെ ആകര്‍ഷിക്കാനാണ് ബാലഗോകുലം ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നതെന്ന് പറഞ്ഞ്, പാര്‍ട്ടി അനുഭാവികളായ കുട്ടികള്‍ ശോഭായാത്രയില്‍ പങ്കെടുക്കാതിരിക്കാന്‍ ബദല്‍ ഘോഷയാത്ര സംഘടിപ്പിച്ചവരാണ് സിപിഎം. ആ പാര്‍ട്ടിയുടെ തന്നെ നേതാവ് സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കില്ലെന്നും ബിജെപിയുടെ പല പരിപാടികളിലും താന്‍ പങ്കെടുത്തിട്ടുണ്ടെന്നും പറയുമ്പോള്‍ സിപിഎമ്മിന്റെ കാപട്യം മറനീക്കി പുറത്തുവരികയാണ്.

ശിശുമരണനിരക്ക് കുറവാണെന്ന നേട്ടം വലിയകാര്യമായി കേരളം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ അതിനെതിരെ വിമര്‍ശനം ഉന്നയിക്കുന്ന മേയര്‍ ആരുടെ താല്‍പര്യത്തിന് ഒപ്പമാണുള്ളത്. കേരളത്തിനെക്കാള്‍ മികച്ച ശിശുപരിപാലനം ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണെന്നും കേരളം അവരെ കണ്ട് പഠിക്കണമെന്നുമുള്ള വിവരം മേയര്‍ക്ക് എവിടെ നിന്നാണ് ലഭിച്ചത്..? ബാലഗോകുലം ആര്‍എസ്എസിന്റെ പോഷക സംഘടനായി തോന്നിയിട്ടില്ലെന്ന് മേയര്‍ ന്യായീകരിക്കുമ്പോള്‍ സിപിഎം അണികള്‍ക്ക് കൊടുക്കുന്ന മതേതര വിദ്യാഭ്യാസം എന്താണെന്ന ചോദ്യവും പ്രസക്തമാണ്. സിപിഎം ഉയര്‍ത്തിപ്പിടിക്കുന്ന മതേതര ആശയങ്ങളും ഇടതുപക്ഷ വീക്ഷണങ്ങളും പുലര്‍ത്തുന്ന ആളുകള്‍ (ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്നവര്‍) പോലും ഒരു നിമിഷംകൊണ്ട് കടകവിരുദ്ധമായ നിലപാട് സ്വീകരിക്കാന്‍ മടിയില്ലാത്ത വിധത്തിലേക്ക് മാറുന്നത് എന്തുകൊണ്ടാണ്. ഇക്കാര്യം വളരെ ആഴത്തില്‍ സിപിഎം നേതൃത്വം വിലയിരുത്തേണ്ടതുണ്ട്.

ചുരുക്കത്തില്‍, സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവരെ തീവ്രവാദികളും അര്‍ബന്‍ നക്സലുകളുമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ ശൈലിയോട് പൂര്‍ണമായും ഐക്യപെടുകയാണ് സിപിഎം. ജനകീയ സമരങ്ങളെ തീവ്രവാദ മുദ്രചാര്‍ത്തി അടിച്ചമര്‍ത്തുന്നു, നിരപരാധികളെ യുഎപിഎ ചുമത്തി തടവിലാക്കുന്നു, പ്രണയവിവാഹങ്ങളെ ലൗജിഹാദായി ചിത്രീകരിക്കുന്നു. ഇങ്ങനെ ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാര്‍ പുലര്‍ത്തുന്ന വെറുപ്പിന്റെ ആശയങ്ങളും നിലപാടുകളും പിന്തുടരുന്ന സിപിഎം ഇപ്പോള്‍ ആര്‍എസ്എസുമായി പരസ്യ സഹവാസത്തിനും ഇറങ്ങിത്തിരിച്ചിരിക്കുന്നു എന്നതിന്റെ ഏറ്റവുംപുതിയ ഉദാഹരണമാണ് മേയര്‍ ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതിലൂടെ വെളിവായത്.

അടിസ്ഥാനപരമായി മുസ്‌ലിം വിരുദ്ധതയും ഹിന്ദുത്വ പൊതുബോധവും സിപിഎം അണികളിലേക്ക് പ്രസരിപ്പിക്കുന്നതിന്റെ തിക്തഫലമാണ് പാര്‍ട്ടി ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രതിസന്ധി. ജനാധിപത്യ മതേതര ബോധത്തോടെ പാര്‍ട്ടിയുടെ വിദ്യാഭ്യാസ രീതികള്‍ അടിമുടി പരിഷ്‌കരിക്കണം. മേയറെ തള്ളിപ്പറഞ്ഞ് വിവാദത്തില്‍ നിന്നും ഒളിച്ചോടുന്നതിന് പകരം കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സിപിഎം തയ്യാറാവണം.

Leave a Reply

Your email address will not be published.