കൊൽക്കത്ത: ബിക്കിനി ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചതിന് നഷ്ടപരിഹാരമായി 99 കോടി രൂപ നൽകാൻ കൊൽക്കത്തയിലെ സെന്‍റ് സേവ്യേഴ്സ് സർവകലാശാല ആവശ്യപ്പെട്ടെന്ന് പ്രൊഫസർ. സർവകലാശാലയുടെ മുഖച്ഛായ തകർത്തതിനാൽ 99 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടതായി പ്രൊഫസർ പറഞ്ഞതായാണ് റിപ്പോർട്ട്.

ഒരു കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പ്രൊഫസർക്കെതിരെ നടപടിയെടുത്തത്. തൻ്റെ മകൻ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ചില ചിത്രങ്ങൾ നോക്കുന്നത് ശ്രദ്ധയിൽപെട്ടു. ഈ ചിത്രങ്ങൾ ശ്രദ്ധിച്ചപ്പോഴാണ് പ്രൊഫസർ ബിക്കിനിയിൽ നിൽക്കുന്നതാണെന്ന് മനസ്സിലായത്. അടിവസ്ത്രത്തിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് ഒരു അധ്യാപികയ്ക്ക് യോജിച്ചതല്ല. അത് മോശവും അശ്ലീലവുമാണ്. 18 വയസ്സുള്ള ഒരു ആൺകുട്ടി തന്‍റെ അധ്യാപികയെ അത്തരമൊരു വസ്ത്രത്തിൽ കാണുന്നത് വളരെ അനുചിതമാണെന്ന് പരാതിയിൽ പറയുന്നു.

പരാതിയെ തുടർന്ന് പ്രൊഫസറെ വിളിച്ചുവരുത്തി വിശദീകരണം തേടി. രജിസ്ട്രാർ, വൈസ് ചാൻസലർ ഫാദർ ഫെലിക്സ് രാജ് എന്നിവരായിരുന്നു കമ്മിറ്റിയിലെ അംഗങ്ങൾ. പരാതി കത്ത് പരസ്യമായി വായിച്ച ശേഷം ജോലി ഉപേക്ഷിക്കാൻ നിർബന്ധിച്ചെന്ന് പ്രൊഫസർ പറയുന്നു. അതിനാൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ അവർ ജോലിയിൽ നിന്ന് വിരമിച്ചു.