കൊച്ചി: ദേശീയപാതയുടെ അശാസ്ത്രീയമായ കുഴിയടക്കലിൽ ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ സർക്കാർ അഭിഭാഷകർക്ക് കോടതി നിർദേശം നൽകി.

എറണാകുളം, തൃശ്ശൂർ ജില്ലകളിലെ കളക്ടർമാരോ അല്ലെങ്കിൽ അവർ ചുമതലപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരോ ദേശീയപാതയിലെ കുഴി അടക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് റിപ്പോർട്ട് കോടതിക്ക് കൈമാറാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

കളക്ടർമാർ കാഴ്ചക്കാരായി ഇരിക്കാൻ പാടില്ല. അവർക്ക് അധികാരങ്ങളുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരം മോശം റോഡുകൾ ഉണ്ടായാൽ ഇടപെടാൻ ജില്ലാ കളക്ടർക്ക് അധികാരമുണ്ട്. ആ അധികാരം വിനിയോഗിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഓർമിപ്പിച്ചിരുന്നു. എന്നാൽ, റോഡിലെ കുഴി അടയ്ക്കാത്ത സാഹചര്യത്തിൽ കോടതി വീണ്ടും അടിയന്തര ഇടപെടൽ നടത്തി. ജില്ലാ കളക്ടർമാർ റോഡിൽ ഇറങ്ങി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.