യുഎസ്: ആരാണ് ഉറങ്ങാൻ ഇഷ്ടപ്പെടാത്തത്? എല്ലായ്പ്പോഴും ഉറങ്ങാൻ ഇഷ്ടപ്പെടുന്നവരും, എല്ലാ ജോലികളും വേഗത്തിൽ പൂർത്തിയാക്കി ഉറങ്ങാൻ ഓടിയെത്തുന്നവരും ഉണ്ട്. ഉറങ്ങാൻ ഇഷ്ടപ്പെടുന്നവർക്കായി ഒരു സന്തോഷ വാർത്ത. എത്ര വേണമെങ്കിലും ഉറങ്ങാം. അതിന് പണം ലഭിക്കും. യുഎസിലെ പ്രമുഖ കിടക്ക നിർമാതാക്കളായ കാസ്പറാണ് ‘കാസ്പർ സ്ലീപ്പേഴ്സ്’ എന്ന പോസ്റ്റിലേയ്ക്ക് അപേക്ഷ ക്ഷണിച്ചത്.

ഏറ്റവും പ്രധാനപ്പെട്ട യോഗ്യത നന്നായി ഉറങ്ങാൻ കഴിയുക എന്നതാണ്. മണിക്കൂറിന് ഏകദേശം 25 ഡോളർ, അതായത് ഏകദേശം 2,000 രൂപയായിരിക്കും ശമ്പളം. ജോലി എന്താണെന്ന് വിവരിക്കുന്ന കമ്പനിയുടെ കുറിപ്പും രസകരമാണ്. പ്രധാന ജോലി ഇതാണ്, കാസ്പറിന്‍റെ സ്റ്റോറുകളിൽ കഴിയുന്നത്ര സമയം ഉറങ്ങുക. ഇനി ഉറങ്ങാത്ത സമയത്ത്,
കാസ്പർ കിടക്കകളിൽ ഉറങ്ങുന്നതിന്‍റെ അനുഭവം പങ്കിടുന്ന വീഡിയോ ഉണ്ടാക്കണം. ടിക് ടോക് ശൈലിയിലുള്ള വീഡിയോയാണ് കമ്പനി നിർദേശിക്കുന്നത്. ഇത് കാസ്പറിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കിടും.

ഈ ജോലിക്കായി വേണ്ട യോഗ്യതകൾ ഇനി പറയുന്നവയാണ്. ഒന്ന് നന്നായി ഉറങ്ങാനുള്ള കഴിവ്. രണ്ട്, എത്ര വേണമെങ്കിലും ഉറങ്ങാനുള്ള ആഗ്രഹമാണ്. മൂന്ന്, ക്യാമറകൾക്ക് മുന്നിലും പിന്നിലും പ്രവർത്തിക്കാനുള്ള സന്നദ്ധത. നാല്, ഏത് ഘട്ടത്തിലും ഉറങ്ങാനുള്ള കഴിവ്. അഞ്ച്, ഉറക്കത്തെക്കുറിച്ചുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടാനുളള താൽപ്പര്യം. 18 വയസ്സ് പൂർത്തിയായവർക്ക് ജോലിക്ക് അപേക്ഷിക്കാം. ന്യൂയോർക്കിലുള്ളവർക്കാണ് മുൻഗണന നൽകുന്നത്. എന്നാൽ അല്ലാത്തവർക്കും ജോലിക്ക് അപേക്ഷിക്കാമെന്ന് കമ്പനി പറയുന്നു.