പാലക്കാട്: വാളയാർ പെൺകുട്ടികളുടെ കേസിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം പോക്സോ കോടതി തള്ളി. കേസ് പുനരന്വേഷിക്കാൻ സിബിഐയോട് കോടതി ഉത്തരവിട്ടു. പെൺകുട്ടികളുടെ വീട്ടുകാരുടെ ആവശ്യം പരിഗണിച്ചാണ് കോടതി ഉത്തരവ്.

നേരത്തെ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ നിന്ന് വ്യത്യസ്തമായി ഒന്നും തന്നെ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഇല്ല. പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാണെന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റ് മരണകാരണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ കുറ്റപത്രം തള്ളണമെന്നും പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി ഉത്തരവ്.

കേസിലെ പ്രതികൾ ജാമ്യത്തിലിറങ്ങിയതിൽ പ്രതിഷേധിച്ച് പ്രകടനങ്ങൾ നടന്നിരുന്നു. കുട്ടികളുടെ അമ്മയുടെ ആവശ്യവും സർക്കാർ തീരുമാനവും പരിഗണിച്ചാണ് കേസിൽ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. ഡമ്മി ടെസ്റ്റ് ഉൾപ്പെടെ നടത്തിയെങ്കിലും ക്രൈംബ്രാഞ്ച് സമർപ്പിച്ചതിന് സമാനമായ കണ്ടെത്തലുകൾ ഉൾപ്പെടുത്തിയാണ് സിബിഐയും റിപ്പോർട്ട് സമർപ്പിച്ചത്.