ആന്ധ്രാ പ്രദേശ്: ഏറെ നേരം കാത്തിരുന്നിട്ടും ബസ് കിട്ടാതായതോടെ സർക്കാർ ബസ് മോഷ്ടിച്ച് യുവാവ്. ആന്ധ്രാപ്രദേശിലെ വിജയനഗരം സ്വദേശിയാണ് പാലക്കൊണ്ട ഡിപ്പോയിലെ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് മോഷ്ടിച്ചത്. ബസ് മോഷ്ടിച്ച് തന്‍റെ ഗ്രാമമായ കൻഡീസയിലേക്ക് പോയ യുവാവിനെ ജീവനക്കാരും പോലീസും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.

രാവിലെ ഡ്രൈവർ ജോലിക്കെത്തിയപ്പോഴാണ് ബസ് കാണാനില്ലെന്ന് അറിഞ്ഞത്. തുടർന്ന് ഡിപ്പോ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ജീവനക്കാർ തിരച്ചിൽ നടത്തിയെങ്കിലും ബസ് കണ്ടെത്താനായില്ല. തുടർന്ന് അധികൃതർ പോലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കൻഡീസ ഗ്രാമത്തിൽ നിന്ന് ബസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ ബസ് മോഷ്ടിച്ചത് താനാണെന്ന് യുവാവ് സമ്മതിച്ചു. താൻ മദ്യലഹരിയിലായിരുന്നുവെന്നും ഇയാൾ പറഞ്ഞു. ഇയാൾക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.