തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി തീവ്രന്യൂനമർദത്തിന്‍റെ ശക്തി കുറയുന്നു. തീവ്രന്യൂനമർദം ഛത്തീസ്ഗഡിനും മധ്യപ്രദേശിനും മുകളിൽ ദുർബല ന്യൂനമർദ്ദമായി മാറിയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം വീണ്ടും ദുർബലമാകാനാണ് സാധ്യത.

ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത അതിന്‍റെ സാധാരണ നിലയിൽ നിന്ന് തെക്കോട്ട് മാറി സ്ഥിതി ചെയ്യുന്നതിനാൽ, അതിന്‍റെ സ്വാധീനത്തിൽ, ഓഗസ്റ്റ് 10 മുതൽ 11 വരെ കേരളത്തിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞതിനാൽ പെരിയാറിന്‍റെ തീരത്തുള്ളവർ ആശ്വാസത്തിലാണ്. മുല്ലപ്പെരിയാറിലെ റൂൾ കർവ് പരിധി വ്യാഴാഴ്ച മുതൽ 138.4 അടിയാണ്. നിലവിലെ സാഹചര്യത്തിൽ ജലനിരപ്പ് ഈ നിലയിലേക്ക് താഴുമെന്നാണ് കണക്കുകൂട്ടൽ. ചൊവ്വാഴ്ച ഉച്ച മുതൽ മഴ നിലച്ചതും ആശ്വാസമായി. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും നേരിയ കുറവുണ്ട്. അതേസമയം 350 ക്യുമെക്സ് വെള്ളം തുറന്നുവിട്ടിട്ടും ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞിട്ടില്ല.