തിരുവനന്തപുരം: ഹയർ സെക്കൻഡറി പാഠപുസ്തകങ്ങളിൽ നിന്ന് ചില ഭാഗങ്ങൾ ഒഴിവാക്കാനുള്ള കേന്ദ്ര തീരുമാനം കേരളം അതേപടി നടപ്പാക്കില്ല. മുഗൾ രാജവംശം, ഗുജറാത്ത് കലാപം തുടങ്ങിയ ഭാഗങ്ങൾ ഒഴിവാക്കില്ല. ഇക്കാര്യത്തിൽ എസ്.സി.ഇ.ആർ.ടി. റിപ്പോർട്ട് ഹയർസെക്കൻഡറി വകുപ്പിന് കൈമാറി.

ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ് കേന്ദ്രസർക്കാർ എൻസിഇആർടി പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിൽ കുറവ് വരുത്തിയത്. കേരളത്തിൽ പ്ലസ് വൺ, പ്ലസ് ടു വിഭാഗങ്ങളിലാണ് എൻ.സി.ഇ.ആർ.ടിയുടെ നിർദ്ദേശം അനുസരിച്ചുള്ള പാഠഭാഗങ്ങളുള്ളത്. ഗുജറാത്ത് കലാപം, മുഗൾ രാജവംശം, കർഷക സമരം എന്നിവയാണ് എൻ.സി.ഇ.ആർ.ടി. പാഠഭാഗങ്ങളിൽ പ്രധാനമായും ഒഴിവാക്കിയത്. ഇക്കാര്യത്തിൽ എസ്.സി.ഇ.ആർ.ടി. പഠനം നടത്തി വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകി. ഈ പാഠങ്ങൾ ഒഴിവാക്കേണ്ടതില്ലെന്നാണ് പഠനത്തിൽ പറയുന്നത്.

ഗുജറാത്ത് കലാപം, മുഗൾ രാജവംശം തുടങ്ങിയ ഭാഗങ്ങൾ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയമാണെന്ന് സംസ്ഥാന സർക്കാർ ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന റിപ്പോർട്ടാണ് എസ്.സി.ഇ.ആർ.ടി. ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാഭ്യാസ വകുപ്പ് തീരുമാനം എടുക്കുക. ഏതൊക്കെ പാഠങ്ങളാണ് പഠിപ്പിക്കേണ്ടതെന്നും ഏതൊക്കെ പാഠങ്ങൾ പഠിപ്പിക്കരുതെന്നും സംസ്ഥാനത്തിന് തീരുമാനിക്കാമെന്നും എസ്.സി.ഇ.ആർ.ടി വ്യക്തമാക്കി. പാഠങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചാലും സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നാണ് സംസ്ഥാനത്തിന്‍റെ വാദം.