മുംബൈ: മഹാരാഷ്ട്രയിൽ അധികാരത്തിൽ വന്ന ഏക്നാഥ് ഷിൻഡെ സർക്കാരിൽ എല്ലാവരും കോടീശ്വരൻമാരും 75 ശതമാനം പേര് ക്രിമിനൽ പശ്ചാത്തലമുള്ളവരുമാണെന്ന് റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ ശിവസേന വിട്ട് ബിജെപിയുമായി കൈകോർത്ത് അധികാരത്തിലെത്തി. ദേവേന്ദ്ര ഫഡ്നവിസ് ഉപമുഖ്യമന്ത്രിയും 18 മന്ത്രിമാരുമടങ്ങുന്ന മന്ത്രിസഭയായിരുന്നു അധികാരത്തിലേറിയത്. 20 അംഗ മന്ത്രിസഭയിൽ 15 മന്ത്രിമാർക്കെതിരെയും ക്രിമിനൽ കേസുകളുണ്ട്. ഷിൻഡെ ക്യാമ്പിലെ ഏഴ് മന്ത്രിമാർക്കും ബിജെപിയിൽ നിന്നുള്ള എട്ട് മന്ത്രിമാർക്കുമെതിരെ ഗുരുതരമായ ക്രിമിനൽ കേസുകളുണ്ടെന്ന് എഡിആർ വ്യക്തമാക്കുന്നു.