പുല്‍പള്ളി: പെരിക്കല്ലൂർ സ്വദേശിനിയായ മേരിചേച്ചിക്ക് ഒരു കത്തു വന്നു. കത്ത് പൊട്ടിച്ചുനോക്കിയപ്പോൾ മേരി ചേച്ചി ഒന്നു ഞെട്ടി. കവറിനുള്ളില്‍ 2000 രൂപ. ഒപ്പമുണ്ടായിരുന്ന കുറിപ്പ് ഇങ്ങനെ. “പ്രിയ മേരിച്ചേടത്തി, ഞാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ജോസഫ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയി. ഇന്ന് അതിന്റെ വില ഏതാണ്ട് 2000 രൂപ വരും. ആ പൈസ ഞാന്‍ ഇതോടെ അയക്കുന്നു. ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം -എന്ന് അന്നത്തെ കുറ്റവാളി”

പെരിക്കല്ലൂര്‍ അങ്ങാടിയില്‍ തുണിക്കട നടത്തിയിരുന്ന ആളാണ് മേരിച്ചേടത്തിയുടെ ഭര്‍ത്താവ് ജോസഫ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ജോസഫ് മരിച്ചു. ജോസഫിനെ പറ്റിച്ച് അന്നെന്താണ് കുറ്റവാളി കൊണ്ടുപോയതെന്നറിയില്ല. പേരില്ലാത്ത കത്തില്‍ ഒരു ഒപ്പ് മാത്രമാണുള്ളത്. സംഭവത്തിൽ വ്യക്തതയില്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം തെറ്റുതിരിച്ചറിഞ്ഞ് മാപ്പ് പറഞ്ഞ കുറ്റവാളിയോട് ക്ഷമിച്ചിരിക്കുകയാണ് മേരിച്ചേച്ചി.