2021 നെ അപേക്ഷിച്ച് 2022ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ 129 ശതമാനം വർദ്ധനവ്. സിഎൻ ജി വാഹനങ്ങളുടെ എണ്ണത്തിൽ 100 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

കേരളത്തിലെ ഇലക്ട്രിക് വാഹന വിപണി ഈ വർഷം ടോപ്പ് ഗിയറിലായിരിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ ഏഴ് മാസങ്ങളിലായി 19,894 ഇലക്ട്രിക് വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2021 ൽ 8,701 ഇലക്ട്രിക് വാഹനങ്ങളും 2020ൽ 1,325 ഇലക്ട്രിക് വാഹനങ്ങളും രജിസ്റ്റർ ചെയ്തു. ഈ വര്‍ഷം ഏപ്രിലിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുത വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്; 3,373 എണ്ണം. ഓഗസ്റ്റിൽ ഇതുവരെ 863 ഇലക്ട്രിക് വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.

സി.എന്‍.ജി. വാഹനങ്ങളുടെ സ്വീകാര്യതയിലും സംസ്ഥാനത്ത് സമാനമായ വളര്‍ച്ചയാണ് പ്രകടമായിട്ടുള്ളത്. 2020ല്‍ ആകെ 91 വാഹനങ്ങളും 2021ല്‍ 2,805 വാഹനങ്ങളുമാണ് സി.എന്‍.ജി. വിഭാഗത്തില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം എട്ടു മാസത്തിനുള്ളില്‍ 4,816 സി.എന്‍.ജി. വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.