പാലക്കാട്: പാലക്കാട് മേലാർകോട്ടെ കൊലപാതകക്കേസിലെ പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ചീക്കോട് സ്വദേശി സുജീഷുമായി കൊലപാതകം നടന്ന വീട്ടിലാണ് തെളിവെടുപ്പ് നടത്തുക.

ഇന്നലെ രാവിലെ 11.30 ഓടെയാണ് കൊന്നല്ലൂർ സ്വദേശി സൂര്യ പ്രിയയെ സുജീഷ് ടവൽ മുണ്ടുകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പിന്നീട് പ്രതി തന്നെ ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സൂര്യപ്രിയയും സുജീഷും തമ്മിൽ ആറ് വർഷത്തോളമായി പരിചയമുണ്ട്. കൊല്ലപ്പെട്ട സൂര്യപ്രിയ മേലാർകോട് പഞ്ചായത്തിലെ സിഡിഎസ് അംഗം കൂടിയായിരുന്നു.

വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് സുജീഷ് സൂര്യപ്രിയയുടെ വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന മുത്തച്ഛൻ ഇയാൾ വരുന്നതിന് തൊട്ടുമുമ്പ് പുറത്തുപോയിരുന്നു. ഈ സമയത്താണ് കൊലപാതകം നടന്നത്. തുടർന്ന് പ്രതി സൂര്യപ്രിയയുടെ ഫോണും എടുത്ത് ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇവർ തമ്മിൽ എന്ത് തരത്തിലുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് വ്യക്തമായിട്ടില്ല.