വ്‌ളോഗർ റിഫ മെഹ്നുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് മെഹ്നാസിന്‍റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. മെഹ്നാസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് കാക്കൂർ പോലീസ് അറസ്റ്റ് നടപടികൾക്ക് തുടക്കമിടുന്നത്.

പോക്സോ കേസിൽ റിമാൻഡിലായ ഇയാൾ ഇപ്പോൾ ജയിലിലാണ്. പ്രൊഡക്ഷൻ വാറണ്ടിനായി അന്വേഷണ സംഘം അപേക്ഷ നൽകിയിട്ടുണ്ട്. കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. കാക്കൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മാനസികവും ശാരീരികവുമായ പീഡനമാണ് റിഫയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയിരുന്നു.

സ്ത്രീയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ, ആത്മഹത്യ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് മെഹ്നാസിനെതിരെ കേസെടുത്തത്.