തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ മന്ത്രിമാർക്കെതിരെ രൂക്ഷവിമർശനം. മന്ത്രിമാർ തീരുമാനങ്ങൾ എടുക്കുന്നില്ലെന്നും എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നുവെന്നും ആക്ഷേപമുണ്ട്. ആരോഗ്യ, പൊതുമരാമത്ത് വകുപ്പുകളാണ് സർക്കാരിന്റെ മുഖം. എന്നാൽ, ഈ വകുപ്പുകളിൽ കൂടുതൽ പരാതികൾ ഉയരുന്നതായി യോഗത്തിൽ വിമർശനമുയർന്നു.

സി.പി.എം. സംസ്ഥാന സമിതിയിലെ ഇന്നത്തെ പ്രധാന ചർച്ച സർക്കാരിന് ജനകീയമുഖം നൽകുന്നതുമായി ബന്ധപ്പെട്ട കർമരേഖയായിരുന്നു. ഈ കർമ്മപദ്ധതി സംബന്ധിച്ച രേഖയിൽ മന്ത്രിമാരെ പൊതുവെ വിമർശിക്കാറുണ്ട്. സർക്കാരിന്റെ പ്രവർത്തനം തൃപ്തികരമാണെങ്കിലും മന്ത്രിമാരുടെ പ്രവർത്തനത്തിൽ പോരായ്മയുണ്ട് എന്നാണ് രേഖ.

മന്ത്രിമാർ അവരുടെ വകുപ്പുകളിൽ തീരുമാനങ്ങൾ എടുക്കാൻ വിമുഖത കാണിക്കുന്നു. എല്ലാ തീരുമാനങ്ങളും മുഖ്യമന്ത്രിക്ക് വിട്ടിരിക്കുകയാണ്. ഇത് ശരിയല്ലെന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു. ഇതിനുപുറമെ, രാഷ്ട്രീയ പ്രശ്നങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ മന്ത്രിമാർക്ക് കഴിയുന്നില്ലെന്നും രേഖ കുറ്റപ്പെടുത്തുന്നു.