ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും മങ്കിപോക്സ് പടർന്നുകൊണ്ടിരിക്കുകയാണ്. രോഗവ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മങ്കിപോക്സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഗർഭിണികളിലും കുട്ടികളിലും മങ്കിപോക്സ് ഗുരുതരമായേക്കാം എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.

പ്രശസ്ത മെഡിക്കൽ ജേണലായ ദി ലാൻസെറ്റ് ചൈൽഡ് ആൻഡ് അഡോളസെന്‍റ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കുട്ടികളും ​ഗർഭിണികളുമാണ് അപകട വിഭാ​ഗക്കാർ എന്ന് പറയുന്നു. ലോസെൻ യൂണിവേഴ്സിറ്റി, കാലിഫോർണിയ യൂണിവേഴ്സിറ്റി, സിംഗപ്പൂരിലെ നാഷണൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് ലേഖനം എഴുതിയത്.

തികച്ചും ആരോഗ്യം ഉള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ മങ്കിപോക്സ് ബാധിച്ച കുട്ടികളും ഗർഭിണികളും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരു വിഭാഗമാണെന്നും ഇവരിൽ സങ്കീർണതകൾ ഉണ്ടായേക്കാമെന്നും ലേഖനം പറയുന്നു.