75-ാം സ്വാതന്ത്ര്യവാർഷികത്തിൽ, രാജ്യത്തിന് ബഹിരാകാശത്ത് നിന്നൊരു ആശംസ. ഇറ്റാലിയൻ ബഹിരാകാശയാത്രികയായ സമാന്ത ക്രിസ്റ്റോഫോറെറ്റിയാണ് ആശംസകളുമായെത്തിയത്. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ പദ്ധതിയായ ഗഗന്‍യാന് ആശംസകള്‍ നേര്‍ന്ന വിഡിയോ സന്ദേശത്തിന്റെ ഭാഗമായിട്ടാണ് സമാന്ത സ്വാതന്ത്ര്യ ദിനാശംസകളും നേർന്നിരിക്കുന്നത്.

യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു ആണ് സമാന്തയുടെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശം ട്വിറ്ററിൽ പങ്കുവച്ചത്. ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയും നാസയും തമ്മിലുള്ള ബന്ധം ഊഷ്മളമാണെന്നും പരസ്പര സഹകരണത്തിലൂടെ ഭാവിയിൽ നിരവധി കാര്യങ്ങൾ നേടാൻ നമുക്ക് കഴിയട്ടെയെന്നും സമാന്ത വീഡിയോ സന്ദേശത്തിൽ പറഞ്ഞു.