മഥുര: അഭിഭാഷകനായ തുംഗ്‌നാഥ് ചതുര്‍വേദി നിയമപോരാട്ടം നടത്തിയത് അഞ്ചോ പത്തോ കൊല്ലമല്ല. 21 വർഷത്തെ പോരാട്ടത്തിനൊടുവിൽ വിധി തനിക്ക് അനുകൂലമായി വന്നതിന്‍റെ സന്തോഷത്തിലാണ് അദ്ദേഹം. 1999 ൽ തുംഗ്‌നാഥില്‍ നിന്ന് 20 രൂപ അധിക ചാർജ് റെയിൽവേ ഈടാക്കിയിരുന്നു.അധികമായി ഈടാക്കിയ 20 രൂപയും 21 കൊല്ലക്കാലത്തേക്ക് 12 ശതമാനം വാര്‍ഷികപലിശയും പരാതിക്കാരന്‍ നേരിട്ട അസൗകര്യത്തിന് 15,000 രൂപ നഷ്ടപരിഹാരവും റെയില്‍വേ നല്‍കണമെന്നാണ് ഉപഭോക്തൃ ഫോറത്തിന്റെ ഉത്തരവ്.
1999 ഡിസംബർ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗാലി പാർപാഞ്ച് നിവാസിയായ തുംഗ്‌നാഥ് മഥുര കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നിന്ന് മുറദാബാദിലേക്ക് പോകുന്നതിനായി രണ്ട് ടിക്കറ്റുകൾ എടുത്തു. ഒരു ടിക്കറ്റിന് 35 രൂപയായിരുന്നതിനാൽ തുംഗ്‌നാഥ് 70 രൂപ നൽകി. എന്നാൽ, ബുക്കിംഗ് ക്ലാർക്ക് 90 രൂപയാണ് ഈടാക്കിയത്. 20 രൂപ തിരികെ ആവശ്യപ്പെട്ടെങ്കിലും ബുക്കിംഗ് ക്ലാർക്ക് തുക തിരികെ നൽകാൻ വിസമ്മതിച്ചു. ട്രെയിൻ സ്റ്റേഷനിൽ എത്തിയതിനെ തുടർന്ന് തുംഗ്‌നാഥ് മുറദാഹദിലേക്ക് പുറപ്പെട്ടു.
തുടർന്ന് കൺസ്യൂമർ ഫോറത്തിൽ പരാതി നൽകി. നോർത്ത് ഈസ്റ്റേൺ റെയിൽവേ ഗോരഖ്പൂർ ജനറൽ മാനേജരേയും മഥുര കന്റോണ്‍മെന്റ് സ്റ്റേഷനിലെ ബുക്കിംഗ് ക്ലാർക്കിനുമെതിരെയാണ് പരാതി നൽകിയത്. കേസ് 21 വർഷം നീണ്ടെങ്കിലും നിയമത്തിലുള്ള വിശ്വാസം തനിക്ക് അനുകൂലമായി വന്നതിൽ വക്കീൽ സന്തുഷ്ടനാണ്. “നീതിക്കായി എനിക്ക് വളരെക്കാലം കാത്തിരിക്കേണ്ടിവന്നു, പക്ഷേ അനീതിക്കെതിരെ വിധി വന്നതിൽ ഞാൻ സംതൃപ്തനാണ്,” തുംഗ്‌നാഥ് പ്രതികരിച്ചു. തുംഗ്‌നാഥിന്റെ കുടുംബാഗങ്ങളും അയല്‍വാസികളും വിധിയില്‍ സന്തോഷം പ്രകടിപ്പിച്ചു.