തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ഡോളര്‍ക്കടത്ത് കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇഡി ഉദ്യോഗസ്ഥനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി. ഇഡി ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണനെയാണ് സ്ഥലം മാറ്റിയത്.

സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്‍റെ അറസ്റ്റിന് അടക്കം നേതൃത്വം നൽകിയത് രാധാകൃഷ്ണനാണ്. സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയിലും അന്വേഷണത്തിന് നേതൃത്വം നൽകിയത് രാധാകൃഷ്ണനാണ്.
നേരത്തെ തന്നെ അദ്ദേഹത്തെ സ്ഥലം മാറ്റുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും അന്വേഷണത്തിന്‍റെ നിർണായക ഘട്ടത്തിൽ ഉണ്ടായ സ്ഥലംമാറ്റം കേസിനെ എങ്ങനെ ബാധിക്കുമെന്നാണ് ചർച്ച. 10 ദിവസത്തിനകം ചെന്നൈയിൽ ജോയിന്‍ ചെയ്യാനാണ് നിര്‍ദേശം.