കരീബിയന്‍ കടലിന്റെ അടിത്തട്ടിലെ 366 വര്‍ഷം പഴക്കമുള്ള സ്പാനിഷ് കപ്പലില്‍ നിന്ന് കണ്ടെടുത്തത് അമൂല്യനിധി. 1656ല്‍ തകര്‍ന്ന ഒരു കപ്പലില്‍ നിന്നാണ് സ്വര്‍ണ നാണയങ്ങളും രത്‌നങ്ങളും ആഭരണങ്ങളും ഉള്‍പ്പെടുന്ന നിധി കണ്ടെത്തിയിരിക്കുന്നത്. നൂറ്റാണ്ടുകളോളം ഒളിഞ്ഞിരുന്ന ഈ അമൂല്യനിധി ബഹാമാസ് മാരിടൈം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും.

സ്പാനിഷ് കപ്പലായ ഡി ലാസ് മാർവിലാസിൽ നിന്നാണ് നിധി കണ്ടെടുത്തത്. ലാസ് ഡി ലാസ് മാര്‍വിലസ് എന്നാൽ അത്ഭുതങ്ങളുടെ മാതാവ് എന്നാണ് അർത്ഥം. 1656-ൽ ഈ കപ്പൽ മറ്റൊരു കപ്പലുമായി കൂട്ടിയിടിക്കുകയും ബഹാമസിലെ ഒരു പവിഴപ്പുറ്റിലേക്ക് തട്ടി തകര്‍ന്നുവീഴുകയായിരുന്നു. രാജാവിനും മറ്റ് അതിസമ്പന്നര്‍ക്കുമുള്ള ആഭരണശേഖരവുമായി കപ്പല്‍ ക്യൂബയില്‍ നിന്നും സ്‌പെയിനിലേക്ക് സഞ്ചരിക്കവേയാണ് അപകടമുണ്ടായത്.

ബഹാമസ് മാരിടൈം മ്യൂസിയം നടത്തിയ നീണ്ട ഗവേഷണത്തിനൊടുവിലാണ് കപ്പലിനെക്കുറിച്ചുള്ള ഈ വിവരം പുറത്തുവന്നത്. മാരിടൈം മ്യൂസിയം ഏകദേശം രണ്ട് വർഷത്തോളമായി നഷ്ടപ്പെട്ട നിധിക്കായി തിരയുകയായിരുന്നു. 1600കളില്‍ വളരെ സാധാരണമായിരുന്ന കടല്‍ക്കൊള്ളയിലൂടെയും മറ്റും നേടിയ നിരവധി വസ്തുക്കളും കപ്പലിലുണ്ടെന്ന് സര്‍വേകളില്‍ നിന്ന് മ്യൂസിയം മനസിലാക്കിയിരുന്നു. വീണ്ടെടുത്ത പല ആഭരണങ്ങളിലും സാന്റിയാഗോയുടെ കുരിശിന്റെ മുദ്ര പതിച്ചിരുന്നെന്നും പര്യവേഷണ സംഘം വ്യക്തമാക്കി.