സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ അവസാന ഘട്ട ഒരുക്കങ്ങളിലാണ് രാജ്യം. രാജ്യത്തെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ത്രിവർണ്ണ നിറങ്ങൾ അണിഞ്ഞു കഴിഞ്ഞു. ഭീകരസംഘടനകളുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യം അതീവ ജാഗ്രതയിലാണ്.

രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുകയാണ്. ഇന്ത്യാ ഗേറ്റ്, നോർത്ത്, സൗത്ത് ബ്ലോക്കുകൾ, ചെങ്കോട്ട എന്നിവയെല്ലാം ദിവസങ്ങളായി ത്രിവർണ്ണ പതാക കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളും ഓഗസ്റ്റ് 15നായി തയ്യാറെടുത്തു കഴിഞ്ഞു.

ആഘോഷങ്ങളുടെ ഭാഗമായി രാജ്യതലസ്ഥാനത്തും മറ്റ് പ്രധാന നഗരങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചെങ്കോട്ടയിലും പരിസരത്തും മാത്രം എൻ.എസ്.ജി ഉൾപ്പെടെ 10,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.