കോഴിക്കോട്: സ്വാതന്ത്ര്യം ഇന്ത്യക്കാര്‍ മുഴുവന്‍ ഒന്നായി നേടിയെടുത്തപോലെ എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യം ആസ്വദിക്കാനുള്ള അവകാശമുണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ജാതിമത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായാണ് വിദേശ ശക്തികളിൽ നിന്ന് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും ആ അവകാശം ആരെങ്കിലും ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തിന്‍റെ നന്മക്കും നീതിക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലൂടെയായിരുന്നു കാന്തപുരത്തിന്‍റെ പ്രതികരണം.

രാജ്യം ഒരു സ്വതന്ത്ര റിപ്പബ്ലിക്കാണെന്ന് കരുതി ആർക്കും എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമില്ല. ഭരണഘടനയും നിയമവും അനുവദിക്കുന്ന രൂപത്തിൽ, മറ്റാരുടെയും സ്വസ്ഥതയ്ക്ക് ഭംഗം വരുത്താത്ത വിധത്തിലാവണം ഇടപെടൽ. അക്രമത്തിലേക്കും അനീതിയിലേക്കും നീങ്ങുന്ന അതിരുകടന്ന പ്രവർത്തനങ്ങൾ നടത്താൻ പ്രേരകമാവരുത് നമ്മുടെ ഉള്ളിലുള്ള സ്വാതന്ത്ര്യ ചിന്തകളെന്നും കാന്തപുരം പറഞ്ഞു.