ന്യൂഡൽഹി: കായിക താരങ്ങളുടെ അത്ഭുതകരമായ നേട്ടങ്ങൾ രാജ്യത്തിന്‍റെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ തിളക്കം വർധിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസി‍ൽ പങ്കെടുത്ത ഇന്ത്യൻ ടീമിന് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അത്ലറ്റിക്സ് മുതൽ ലോൺ ബോൾസ് വരെ ഉള്ള ഇനങ്ങളിൽ, ഇത്തവണ ഇന്ത്യൻ കളിക്കാർക്ക് അവരുടെ ശക്തി കാണിക്കാൻ കഴിഞ്ഞു എന്നും, 31 അത്‍ലീറ്റുകൾ കരിയറിലെ ആദ്യ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയത് രാജ്യത്തെ കായികരംഗത്തിന്റെ വളർച്ചയാണ് സൂചിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ അത്ലറ്റുകൾക്കും പരിശീലകർക്കും ആണ് സ്വീകരണം നൽകിയത്. കായിക മന്ത്രി അനുരാഗ് താക്കൂർ, കേന്ദ്ര കായിക സഹമന്ത്രി നിതീഷ് പ്രമാണിക് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 22 സ്വർണം ഉൾപ്പെടെ 61 മെഡലുകളുമായി ഇന്ത്യ ഗെയിംസിൽ നാലാം സ്ഥാനത്തെത്തി.