ഇഡിൻബർഗ്: ആർത്തവവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങാൻ സ്ത്രീകൾ ഓരോ വർഷവും ധാരാളം പണം ചെലവഴിക്കുന്നുണ്ട്. പണമില്ലാത്തതിനാൽ സാനിറ്ററി പാഡ് പോലും വാങ്ങാൻ കഴിയാത്ത നിരവധി ആളുകൾ ഒരുപക്ഷേ ഉണ്ടായിരിക്കാം. ഇതെല്ലാം കണക്കിലെടുത്ത്, ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട എല്ലാ ഉൽപ്പന്നങ്ങളും പൂർണ്ണമായും സൗജന്യമാക്കിയിരിക്കുകയാണ് സ്കോട്ട്ലൻഡ്.

പണമില്ലാത്തതിനാൽ ആർക്കും സാനിറ്ററി പാഡുകളും മെൻസ്ട്രൽ കപ്പുകളും ലഭിക്കാതെ പോകരുതെന്നാണ് സർക്കാർ തീരുമാനം. ഇത്തരമൊരു നീക്കം നടത്തുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് സ്കോട്ട്ലൻഡ്. സ്കോട്ടിഷ് പാർലമെന്‍റ് ഫ്രീ പീരിയഡ് ബിൽ ഐകകണ്ഠ്യേനയാണ് പാസാക്കിയത്. ഇത് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

നിലവിൽ സ്കൂളുകളിലും കോളേജുകളിലും ആർത്തവ ഉൽപ്പന്നങ്ങൾ ഇവിടെ സൗജന്യമായി നൽകുന്നുണ്ട്. ലിംഗസമത്വവും തുല്യതയും ഉറപ്പാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് നടപടിയെന്ന് സാമൂഹ്യനീതി സെക്രട്ടറി ഷോണ റോബിസൺ പറഞ്ഞു. സാമ്പത്തിക ബാധ്യതയുടെ പേരിൽ ആർത്തവവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ ഇനി ആർക്കും കിട്ടാതിരിക്കില്ലെന്നും അവർ പറഞ്ഞു. ഇത്തരമൊരു നടപടി സ്വീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ ദേശീയ സർക്കാരെന്ന നിലയിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.