ചെന്നൈ: തമിഴ് സംഘട്ടന സംവിധായകൻ കനൽ കണ്ണൻ അറസ്റ്റിൽ. സാമൂഹ്യ പരിഷ്കർത്താവായ പെരിയോറിന്റെ പ്രതിമ പൊളിക്കാൻ ആഹ്വാനം ചെയ്തതിനാണ് അറസ്റ്റ്. തന്തൈ പെരിയോർ ദ്രാവിഡകഴകത്തിന്‍റെ പരാതിയിലാണ് അറസ്റ്റ്. ചെന്നൈ സൈബർ ക്രൈം പൊലീസാണ് നടപടി എടുത്തത്.
ഹിന്ദു മുന്നണിയുടെ കലാസാംസ്കാരിക വിഭാഗത്തിന്‍റെ പ്രസിഡന്‍റാണ് കനൽ കണ്ണൻ. ശ്രീരംഗത്തെ രംഗനാഥ ക്ഷേത്രത്തിന് മുന്നിലെ പ്രതിമ തകര്‍ക്കണമെന്നാണ് ഇയാള്‍ ആഹ്വാനം ചെയ്തത്. ദൈവമില്ലെന്ന് പറഞ്ഞയാളുടെ പ്രതിമ ക്ഷേത്രത്തിന് മുന്നിൽ വയ്ക്കരുതെന്നും അത് പൊളിക്കണമെന്നും ആണ് കനൽ കണ്ണൻ പറഞ്ഞത്.
അറസ്റ്റിന്‍റെ സൂചന ലഭിച്ചയുടൻ തന്നെ കനൽ കണ്ണൻ മുൻകൂർ ജാമ്യത്തിന് നീക്കം നടത്തിയിരുന്നു. എന്നാൽ അത് നിരസിക്കുകയായിരുന്നു. പുതുച്ചേരിയിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴിന് പുറമെ മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.