പാലക്കാട്: ഷാജഹാന്‍റെ കൊലപാതകത്തിൽ ആർ.എസ്.എസിണ് പങ്കുണ്ടെന്ന് സി.പി.എം നുണപ്രചാരണം നടത്തുന്നത് സ്വന്തം പാർട്ടിക്കാരന്‍റെ കൊലപാതകത്തിൽ നിന്ന് രക്ഷപ്പെടാനാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ആരോപിച്ചു.

“ഷാജഹാന്‍റെ കൊലയാളികൾക്ക് അർജുൻ ആയങ്കി ഉൾപ്പെടെയുള്ള സിപിഎം ക്രിമിനലുകളുമായി അടുത്ത ബന്ധമുണ്ട്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്നവരാണ് കൊലപാതകത്തിന് പിന്നിലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ബിജെപി പ്രവർത്തകരാരും കൊലപാതകത്തിൽ പ്രതികളല്ലെന്നും” കൃഷ്ണകുമാർ പറഞ്ഞു.

കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന സിപിഎം സംസ്ഥാന ഘടകത്തിന്‍റെ നിലപാട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തള്ളിയിരുന്നു. ഷാജഹാനെ കൊന്നത് ആർഎസ്എസാണെന്ന നിഗമനത്തിൽ എത്താൻ സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സമാനമായ നിലപാടാണ് സ്വീകരിച്ചത്. “ഒരു കൊലപാതകം നടന്നാൽ ഉടനടി ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല. സമാധാനം തകർക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോയെന്ന് പൊലീസ് കണ്ടെത്തട്ടെ. നിയമസഭയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും കൊലപാതകങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും” കാനം ചൂണ്ടിക്കാട്ടി.