ഓപ്പറേഷന്‍ മേഘദൂതിനിടെ വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം 38 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെടുത്തു. ലാന്‍സ് നായിക് ചന്ദര്‍ ശേഖറിന്റെ മൃതദേഹമാണ് സൈന്യം കണ്ടെടുത്തത്. 1984 മെയ് 29ന് ഓപ്പറേഷൻ മേഘദൂതിനിടെയുണ്ടായ ഹിമപാതത്തിലാണ് ഇദ്ദേഹം വീരമൃത്യു വരിച്ചത്.

സൈനികന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് സൈന്യം അറിയിച്ചു. സിയാച്ചിനിലെ പഴയ ബങ്കറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ് സിയാച്ചിൻ. ചന്ദർ ശേഖറിനൊപ്പം മറ്റൊരു സൈനികന്‍റെ മൃതദേഹവും കണ്ടെത്തി. ഇതേക്കുറിച്ച് സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

കഴിഞ്ഞ 38 വർഷമായി ധീരനായ സൈനികനായ ചന്ദർ ശേഖറിനെക്കുറിച്ച് ഒരു വിവരവുമില്ലാതെയാണ് കുടുംബം കഴിഞ്ഞത്. ചന്ദര്‍ ശേഖറിന്റെ ഭാര്യ ശാന്തി ദേവി ഇപ്പോൾ ഹൽദ്വാനിയിലെ സരസ്വതി വിഹാർ കോളനിയിലാണ് താമസിക്കുന്നത്. മൃതദേഹം കണ്ടെത്തിയതിനെക്കുറിച്ച് അറിഞ്ഞതിന് അദ്ദേഹത്തെ ശേഷം അവസാനമായി ഒന്ന് കാണാൻ കാത്തിരിക്കുകയാണ് കുടുംബം.