തിരുവനന്തപുരം: എറണാകുളം എം.പി ഹൈബി ഈഡനെതിരായ ലൈംഗിക പീഡന പരാതി വ്യാജമെന്ന് സി.ബി.ഐ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് സിബിഐ റഫറൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. യുവതിയുടെ മൊഴിയിൽ നിരവധി വൈരുദ്ധ്യങ്ങൾ ഉള്ളതിനാൽ പരാതിക്കാരിയുടെ മൊഴി വിശ്വസനീയമല്ലെന്ന് സി.ബി.ഐ പറഞ്ഞു.

ഹൈബി ഈഡനെതിരായ ലൈംഗിക പീഡന പരാതി നിലനില്‍ക്കാത്ത സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാൻ കോടതി അനുവദിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

2021ൽ സോളാർ കേസിലെ പ്രതിയായ യുവതിയുടെ പരാതിയിൽ ഹൈബി ഈഡൻ ഉൾപ്പെടെ ആറ് നേതാക്കൾക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഓരോ കേസിലും ഓരോ എഫ്ഐആർ സിബിഐ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതില്‍ ആദ്യം സി.ബി.ഐ സംഘം അന്വേഷണം നടത്തിയത് ഹൈബി ഈഡനെതിരായ പരാതിയായിരുന്നു. ഈ അന്വേഷണമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.