ക്വാലാലംപൂർ: നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിക്കുന്നതിനനുസരിച്ച്, റെസ്റ്റോറന്‍റുകളും ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധിപ്പിക്കാറാണ് പതിവ്. കോവിഡിന് ശേഷം പല രാജ്യങ്ങളിലും സാധനങ്ങളുടെ വില കുത്തനെ ഉയർന്നതിന് ആനുപാതികമായി റെസ്റ്റോറന്‍റുകളിലെ ഭക്ഷ്യവിലയും ഉയർത്തിയിരുന്നു. എന്നാൽ, വില വർദ്ധിപ്പിക്കാതെ 32 വർഷമായി ചപ്പാത്തി വിൽക്കുന്ന ഒരാളുണ്ട്. മലേഷ്യയിലാണ് 50 സെന്‍റിന് ചപ്പാത്തി വിൽക്കുന്നത്.

കഴിഞ്ഞ 32 വർഷമായി പാസിർ പുട്ടേത്തിലെ വ്യാപാരിയായ കമാൽ അബ്ദുള്ള ഇതേ വിലയ്ക്കാണ് ചപ്പാത്തി വിൽക്കുന്നത്. സമീപഭാവിയിൽ വില വർദ്ധിപ്പിക്കാൻ അദ്ദേഹത്തിന് പദ്ധതികളൊന്നുമില്ല. അബ്ദുള്ളയുടെ അഭിപ്രായത്തിൽ, അസംസ്കൃത വസ്തുക്കളുടെ വിലയിലെ വർദ്ധനവ് ചപ്പാത്തിയുടെ വില വർദ്ധിപ്പിക്കാനുളള ഒരു ന്യായം അല്ല. സർക്കാർ സബ്സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് ചപ്പാത്തി നിർമ്മിക്കുന്നതിനാൽ അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവ് ബാധിക്കില്ലെന്ന് അബ്ദുള്ള പറയുന്നു.

ലാഭമുണ്ടാക്കാനല്ല ചപ്പാത്തി വിൽക്കുന്നതെന്നും ഒരു ദിവസം 800 മുതൽ 1,000 വരെ ചപ്പാത്തികൾ വിൽക്കാൻ കഴിയുന്നുണ്ടെന്നും അബ്ദുള്ള പറഞ്ഞു. എന്നാൽ ചപ്പാത്തിയുടെ ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു.