ഗുജറാത്ത്: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ഗുജറാത്ത് ബി.ജെ.പി സർക്കാർ വിട്ടയച്ചു. പ്രതികളെ ഗോധ്ര സബ് ജയിലിൽ നിന്ന് മോചിപ്പിച്ചു. 2002ലെ ഗുജറാത്ത് കലാപത്തിലെ പ്രതി അഞ്ച് മാസം ഗർഭിണിയായ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെ അടക്കം കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെയാണ് വിട്ടയച്ചത്.

15 വർഷത്തെ ജയിൽവാസം പൂര്‍ത്തിയായെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. ഇതേ തുടർന്നാണ് പ്രതികളെ വിട്ടയക്കാൻ സർക്കാർ തീരുമാനിച്ചത്.

സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ച്മഹല്‍ കളക്ടർ സുജൽ മയാത്രയുടെ നേതൃത്വത്തിലുള്ള സമിതിയെ ഗുജറാത്ത് സർക്കാർ നിയോഗിച്ചിരുന്നു. കേസില്‍ പ്രതികളെല്ലാവരും 15 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയതിനാല്‍ വിട്ടയക്കാമെന്നായിരുന്നു സമിതി നിര്‍ദേശം. 2008 ജനുവരി 21നാണ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.