കൊളംബോ: ഇന്ത്യയുടെ ആശങ്കകളും മുന്നറിയിപ്പുകളും അവഗണിച്ച് ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖത്തെത്തി. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുള്ള യുവാൻ വാങ് 5 ചൊവ്വാഴ്ച രാവിലെയാണ് ഹംബൻതോട്ട തുറമുഖത്ത് എത്തിയത്. ഇന്ത്യയ്ക്ക് പുറമെ അമേരിക്കയും കപ്പലിന്‍റെ വരവിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 16 മുതൽ 22 വരെ ഹംബൻതോട്ട തുറമുഖത്ത് നങ്കൂരമിടാൻ വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയതായി ശ്രീലങ്കൻ തുറമുഖ മന്ത്രി നിർമ്മൽ പി സിൽവ പറഞ്ഞു. ഓഗസ്റ്റ് 11ന് കപ്പൽ ഹംബൻതോട്ടയിൽ എത്തേണ്ടതായിരുന്നു. എന്നാൽ, ഇന്ത്യയിൽ നിന്നുള്ള സമ്മർദ്ദം കാരണം കപ്പലിന്‍റെ എൻട്രി പെർമിറ്റ് വൈകുകയായിരുന്നു. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകൾ പകർത്താനും വിശകലനം ചെയ്യാനും കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണ് യുവാൻ വാങ്-5.

“ചൈനീസ് കപ്പലിന്റെ വരവിനെപ്പറ്റിയുള്ള റിപ്പോർട്ടുകളിൽ ഞങ്ങൾ ശ്രദ്ധാലുക്കളാണ്. ഇന്ത്യയുടെ സുരക്ഷയ്ക്കും സാമ്പത്തിക താൽപര്യങ്ങൾക്കും തടസ്സമാകുന്ന സംഭവവികാസങ്ങൾ ഉണ്ടാകുന്നുണ്ടോ എന്നു നിരീക്ഷിക്കുന്നുണ്ട്. സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്.” വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.