കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ഇന്നലെ രാത്രിയാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടത്. കർണാടകയിലെ ധർമ്മസ്ഥലയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

രക്ഷപ്പെട്ട ശേഷം ട്രെയിൻ മാർഗമാണ് ഇയാൾ കർണാടകയിലെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച കേരള പൊലീസ് കർണാടക പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മംഗലാപുരത്ത് ട്രെയിനിൽ നിന്നിറങ്ങിയ പ്രതി ഇവിടെ നിന്ന് മോഷ്ടിച്ച സ്കൂട്ടറുമായി ധർമ്മസ്ഥലയിലെത്തി. പെട്രോൾ തീർന്നപ്പോൾ മറ്റൊരു സ്കൂട്ടർ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ തടഞ്ഞുനിർത്തി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഇന്നലെ രാത്രിയാണ് ഫോറന്‍സിക് വാര്‍ഡില്‍ നിന്ന് തടവുകാരനായ വിനീഷ് പുറത്തുകടന്നത്. മഞ്ചേരി സ്വദേശിയായ പ്രതിയെ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരുന്നത്. മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്.