ആലപ്പുഴ: 68-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ നടന്ന ചടങ്ങിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പങ്കെടുത്തു. ജില്ലാ കളക്ടർ കൃഷ്ണ തേജയ്ക്ക് ഭാഗ്യചിഹ്നം നൽകി പ്രകാശനം നിർവഹിച്ചു.

വാട്ടർ കളറിൽ ബാബു ഹസൻ വരച്ച വാഴപ്പിണ്ടിയിൽ തുഴയുന്ന തത്തയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ ആകെ 160 എൻട്രികളാണ് ലഭിച്ചത്. മോഹൻ കുമാർ, സിറിൽ ഡൊമിനിക് എന്നിവരടങ്ങിയ സമിതിയാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്. 5001 രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക.

എംഎൽഎമാരായ പി.പി.ചിത്തരഞ്ജൻ, തോമസ് കെ.തോമസ്, ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, സബ് കളക്ടർ സൂരജ് ഷാജി, പബ്ലിസിറ്റി കമ്മിറ്റി കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, നഗരസഭാ കൗൺസിലർ സിമി ഷാഫിഖാൻ, നാസർ, റോയ് പാലാത്ര, എ. കബീർ, എ.ബി.തോമസ്, നസീർ പുന്നയ്ക്കൽ, ഗുരു ദയാൽ തുടങ്ങിയവർ പങ്കെടുത്തു.