കൊച്ചി: കശ്മീർ വിഷയത്തിൽ ദേശവിരുദ്ധ പരാമർശം നടത്തിയ മുൻ മന്ത്രി കെ.ടി ജലീലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി. ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ പ്രസിഡന്‍റ് കെവിൻ പീറ്ററാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

കെ.ടി. ജലീൽ ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ച് സോഷ്യൽ മീഡിയയിൽ ലേഖനം പ്രസിദ്ധീകരിച്ചത് ചൂണ്ടിക്കാട്ടി നൽകിയ പരാതി പൊലീസ് സ്വീകരിച്ചു. സംഭവത്തിൽ നിയമവശങ്ങൾ പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പരാതിയിൽ പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് കെവിൻ പീറ്റർ പറഞ്ഞു.

കശ്മീർ സന്ദർശനത്തിനിടെ ജലീൽ സമൂഹമാധ്യമത്തിൽ നടത്തിയ ‘ആസാദി കശ്മീർ’ എന്ന പ്രയോഗം വിമർശനങ്ങളെ തുടർന്നു പിൻവലിച്ചിരുന്നു. അതേസമയം, ജലീലിനെതിരായ പ്രതികരണം കടുപ്പിച്ച് ബിജെപിയും രംഗത്തെത്തി.