സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ റേഷൻ കടകൾ വഴി ആരംഭിക്കും. ഭക്ഷ്യക്കിറ്റിന്‍റെ പായ്ക്കിംഗ് പൂർത്തിയായതായി സപ്ലൈകോ അറിയിച്ചു. തുണിസഞ്ചി ഉൾപ്പെടെ ആകെ 14 ഇനങ്ങളാണ് കിറ്റിൽ ഉണ്ടാകുക. വെളിച്ചെണ്ണ പ്രത്യേകമായി വിതരണം ചെയ്യും. എ എവൈ കാർഡ് ഉടമകൾക്കാണ് കിറ്റ് ആദ്യം നൽകുക. തുടർന്ന് നീല, വെള്ള കാർഡ് ഉടമകൾക്ക് വിതരണം ചെയ്യും. നിശ്ചിത തീയതിയിൽ കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് അവസാന നാലുദിവസം കിറ്റ് വാങ്ങാം.

ഇത്തവണ കുടുംബശ്രീയാണ് കിറ്റിൽ ഉൾപ്പെടുത്താനുള്ള ശർക്കര വരട്ടിയും ചിപ്സും നൽകുന്നത്. ഇതിനായി 12 കോടി രൂപയുടെ ഓർഡർ കുടുംബശ്രീക്ക് ലഭിച്ചിട്ടുണ്ട്. ബനാന ചിപ്സ്, ശർക്കരവരട്ടി എന്നിവ ഉൾപ്പെടെ ആകെ 42,63,341 പാക്കറ്റുകളാണ് കരാർ പ്രകാരം കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കുന്നത്. സംസ്ഥാനത്തുടനീളം വിവിധ യൂണിറ്റുകളിലാണ് നിർമ്മാണവും പാക്കിംഗും നടന്നത്.

കിറ്റിന്‍റെ മൊത്തം ചിലവ് 445 കോടി രൂപയാണ്. ഓണത്തിന് മുമ്പ് എല്ലാവർക്കും കിറ്റുകൾ വിതരണം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. ഓഗസ്റ്റ് 27ന് ഓണത്തോടനുബന്ധിച്ച് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഓണച്ചന്തകളും സംഘടിപ്പിക്കും.