തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുളള മത്സ്യത്തൊഴിലാളികളുടെ രാപ്പകൽ സമരം തുടരുന്നു. തീരദേശ ശോഷണം, പുനരധിവാസം എന്നീ വിഷയങ്ങൾ ഉന്നയിച്ച് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പൂവാർ, പുതിയതുറ ഇടവകകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ഇന്ന് മുള്ളൂരിലെ രാപ്പകൽ ഉപരോധ സമരത്തിൽ പങ്കെടുക്കും.

31 വരെ സമരം തുടരാനാണ് ഇപ്പോഴത്തെ തീരുമാനം. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവയ്ക്കുക, ആഘാത പഠനം നടത്തുക, പുനരധിവാസം പൂർത്തിയാക്കുക, തീരദേശ മണ്ണൊലിപ്പ് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, സബ്സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക തുടങ്ങിയ ഏഴ് ആവശ്യങ്ങളുന്നയിച്ചാണ് സമരം.

നൂറുകണക്കിന് തീരദേശവാസികളാണ് ഇന്നലെ ഉപരോധത്തിന് എത്തിയത്. ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രിമാർ പറഞ്ഞിട്ടുണ്ടെങ്കിലും സമരക്കാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല.