വിഴിഞ്ഞത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പ്രതിഷേധ പ്രകടനവുമായി ഒരു വിഭാഗം സമരക്കാർ. സമരപ്പന്തലിൽ രാഷ്ട്രീയം പറയരുതെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വി ഡി സതീശൻ പ്രസംഗം കഴിഞ്ഞ് മടങ്ങുമ്പോഴാണ് രാഷ്ട്രീയം പറയരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടന്നത്. ചേരിതിരിഞ്ഞായിരുന്നു പ്രതിഷേധം

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ സമരത്തിന് യു.ഡി.എഫും കോൺഗ്രസും പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമാണത്തെത്തുടർന്നു മറ്റു തീരങ്ങളിൽ ആഘാതമുണ്ടാകുന്ന ഗുരുതര പ്രശ്‌നമുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രശ്നപരിഹാരത്തിനു 432 കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചിരുന്നു. എന്നാൽ, പിണറായി സർക്കാർ അതു നടപ്പാക്കിയില്ലെന്ന് വി ഡി സതീശൻ വിമർശിച്ചിരുന്നു.

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന രാപ്പകൽ ഉപരോധം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഉപരോധം കാരണം വിഴിഞ്ഞത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ബാരിക്കേഡുകൾ നീക്കാനുള്ള ശ്രമത്തിലാണ് പ്രതിഷേധക്കാർ. പോർട്ട് ഗേറ്റിലേക്ക് കടക്കാൻ ശ്രമം നടക്കുന്നുണ്ട്. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാർ പിൻമാറണമെന്ന് പോലീസ് ആവശ്യപ്പെട്ടു.