മസ്കത്ത്: ആഭ്യന്തര-അന്തർദേശീയ വിപണികളിൽ വൻ ഡിമാൻഡുള്ള അയക്കൂറ മത്സ്യം പിടിച്ചെടുക്കുന്നതും വിൽക്കുന്നതും ഒമാൻ ഫിഷറീസ്, ജലവിഭവ മന്ത്രാലയം നിരോധിച്ചു. നിയമം ലംഘിക്കുന്നവരിൽ നിന്ന് 300 റിയാൽ പിഴ ഈടാക്കും. 10 ദിവസം മുതൽ ഒരു മാസം വരെയാണ് ജയിൽ ശിക്ഷ. രണ്ട് മാസത്തെ വിലക്ക് ഒക്ടോബർ 15ന് അവസാനിക്കും.

മത്സ്യങ്ങളുടെ പ്രജനനകാലം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. ഗൾഫ് സഹകരണ കൗൺസിലുമായി സഹകരിച്ച് അറബിക്കടലിൽ അയക്കൂറ പിടിച്ചെടുക്കുന്നത് നിരോധിച്ചു. ആറ് ജിസിസി രാജ്യങ്ങളും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 2019-ൽ ജി.സി.സി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് കമ്മിറ്റി അയക്കൂറയെ സംരക്ഷിക്കാൻ തീരുമാനമെടുത്തിരുന്നു. മത്സ്യങ്ങളുടെ പ്രജനന സംരക്ഷണവുമായി ബന്ധപ്പെട്ടാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് മന്ത്രാലയം അധികൃതർ പറഞ്ഞു. നിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ ഒമാന്‍റെ തീരപ്രദേശങ്ങളിൽ പരിശോധന കർശനമാക്കും.