പട്ന: പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ പട്ടാപ്പകൽ വെടിവെച്ചു. ബീഹാറിന്‍റെ തലസ്ഥാനമായ പട്നയിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കഴുത്തിൽ വെടിയേറ്റത്. പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ദ്രപുരിയിൽ രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് 16 കാരിയായ പെൺകുട്ടിക്ക് വെടിയേറ്റത്. ആസൂത്രിത ആക്രമണമാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തോക്കുമായി യുവാവ് റോഡിൽ കാത്തുനിൽക്കുന്നതിന്റെയും പെൺകുട്ടിയെ പിന്തുടർന്ന് വെടിവെക്കുന്നതിന്റെയും തുടർന്ന് ഓടി രക്ഷപ്പെടുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.