സൗദി : ട്വിറ്റർ ഉപയോഗിച്ചതിന് സൗദി അറേബ്യയിലെ യുവ ഗവേഷകയ്ക്ക് 34 വർഷം തടവ്. കോടതി രേഖകൾ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പിയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. യുകെയിലെ ലീഡ്സ് സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥിനിയായ സൽമ അൽ ശിഹാബിനെയാണ് അപ്പീൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

രാജ്യത്തെ ക്രമസമാധാനം തകർക്കാൻ ലക്ഷ്യമിടുന്ന വിമതരെ സഹായിച്ചു എന്ന കുറ്റമാണ് സൽമയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ശിക്ഷിക്കപ്പെട്ട് 34 വർഷത്തേക്ക് വിദേശത്തേയ്ക്ക് യാത്ര ചെയ്യുന്നതിനും സൽമയ്ക്ക് വിലക്കേർപ്പെടുത്തി. ട്വിറ്ററിൽ 2,597 ഫോളോവേഴ്സുള്ള അവർ വിമതരെയും ആക്ടിവിസ്റ്റുകളെയും പിന്തുടരുകയും റീട്വീറ്റ് ചെയ്യുകയും ചെയ്തുവെന്നാണ് ആരോപണം.

34 കാരിയായ സൽമ അൽ ശിഹാബ് രണ്ട് കുട്ടികളുടെ അമ്മയാണ്. കേസിൽ നേരത്തെ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചിരുന്നു. പൊതുസമാധാനം തകർക്കുകയും രാജ്യത്തിന്‍റെ സിവിൽ, ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുകയും ചെയ്യുന്ന തരത്തിൽ ഒരു ഇന്‍റർനെറ്റ് വെബ്സൈറ്റ് ഉപയോഗിച്ചതിന്‍റെ പേരിലായിരുന്നു വിധി. എന്നാൽ വിധിക്കെതിരായ അപ്പീലിൽ ഇവർക്കെതിരായ മറ്റ് കുറ്റങ്ങളും പരിഗണിക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. ഈ അപ്പീൽ പരിഗണിച്ചാണ് അപ്പീൽ കോടതി ശിക്ഷ 34 വർഷമായി ഉയർത്തിയത്. രാജ്യത്ത് പൊതുസമാധാനത്തിന് ഭംഗം വരുത്തുകയും രാജ്യത്തിന്റെ സിവില്‍, ദേശീയ സുരക്ഷയ്‍ക്ക് ഭീഷണിയാവുകയും ചെയ്യുന്നവരെ ട്വിറ്റര്‍ അക്കൌണ്ട് ഫോളോ ചെയ്യുന്നതിലൂടെയും അവരുടെ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്‍തും സഹായിച്ചുവെന്നാണ് കോടതി രേഖകള്‍ പറയുന്നത്. പുതിയ വിധിക്കെതിരെ സൽമ അപ്പീൽ നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.