കൊച്ചി: ഉത്പാദനവും ശമ്പളവുമില്ലാതായതോടെ ജോലി ഉപേക്ഷിച്ച്, സംസ്ഥാനത്തെ ആദ്യത്തെ കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഏലൂരിലെ ഹിൽ ഇന്ത്യ ലിമിറ്റഡിലെ സെക്യൂരിറ്റി ജീവനക്കാർ. കഴിഞ്ഞ നാല് മാസമായി ഇവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകിയിട്ടില്ല.

ശമ്പളം ലഭിക്കാതെ പണിയെടുക്കാനില്ലെന്ന് വ്യക്തമാക്കി 16ന് രാത്രി 12ന് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ജോലി ഉപേക്ഷിച്ചു പോകുകയായിരുന്നു. 32 സെക്യൂരിറ്റി ജീവനക്കാരാണു മൂന്ന് ഷിഫ്റ്റിലായി ഉണ്ടായിരുന്നത്.

സെക്യൂരിറ്റി ജീവനക്കാര്‍ ഒഴിഞ്ഞുപോയതോടെ കമ്പനിയിലെ ജീവനക്കാരാണ് സെക്യൂരിറ്റി പണിയും ചെയുന്നത്. ഉത്പാദനമൊന്നും ഇല്ലാത്തതിനാല്‍ പണിയൊന്നും ഇല്ലാതായ ജീവനക്കാര്‍ക്ക് ഇതില്‍ ബുദ്ധിമുട്ടൊന്നുമില്ല.