കൊച്ചി: ബിൽക്കീസ് ബാനു ബലാത്സംഗക്കേസിലെ പ്രതികൾക്ക് പിന്തുണയുമായി ഗോധ്രയിലെ ബിജെപി എംഎൽഎ സികെ റോല്‍ജി. ‘അവർ ബ്രാഹ്മണരാണ്, നല്ല സംസ്കാരമുള്ളവരാണ്,’ ബിജെപി എംഎൽഎ പറഞ്ഞു.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സർക്കാർ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. 15 വർഷം ജയിൽ വാസം അനുഭവിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ വിട്ടയച്ചത്. സർക്കാർ തീരുമാനം വിവാദമായിരിക്കെ ജയിൽ മോചിതരായ പ്രതികൾക്ക് നൽകിയ സ്വീകരണവും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പൂക്കളുടെ മാലയും മധുരപലഹാര വിതരണവും നടത്തിയാണ് പ്രതികളെ സ്വീകരിച്ചത്.

പ്രതികളെ മോചിപ്പിക്കാൻ തീരുമാനമെടുത്ത ഗുജറാത്ത് സർക്കാർ സമിതിയിൽ അംഗമാണ് സി.കെ.റോല്‍ജി. ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതി തീരുമാനം സംസ്ഥാന സർക്കാരിന് വിട്ടു.