കൽപറ്റ: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിൽ മഹാത്മാഗാന്ധിയുടെ ചിത്രം നശിപ്പിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കൽപ്പറ്റ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം. ടി സിദ്ദീഖ് എം.എൽ.എ അടക്കമുള്ളവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി സി.പി.എമ്മിന്‍റെ തീരുമാനപ്രകാരമാണെന്ന് ടി സിദ്ദിഖ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൊലീസ് നടപ്പാക്കുകയാണ്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലും പൊലീസ് പരിശോധിച്ചില്ലെന്നും സിദ്ദിഖ് പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്‍റ് കെ ആർ രതീഷ്, ഓഫീസ് ജീവനക്കാരൻ എസ് ആർ രാഹുൽ, കോൺഗ്രസ് പ്രവർത്തകരായ കെ എ മുജീബ്, വി നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.