ന്യൂഡൽഹി: ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തെ ആർബിഐ എതിർത്തുവെന്ന റിപ്പോർട്ടുകൾ റിസർവ് ബാങ്ക് തള്ളി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആർബിഐ ബുള്ളറ്റിനിൽ ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തെക്കുറിച്ച് പരാമർശിച്ചിരുന്നു.

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യുമെന്ന് ബുള്ളറ്റിനിലെ ഒരു ലേഖനത്തിൽ പറയുന്നു. ഇത് സംബന്ധിച്ചാണ് റിസർവ് ബാങ്കിന്‍റെ വിശദീകരണം പുറത്തുവന്നത്. ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തെ റിസർവ് ബാങ്ക് എതിർത്തുവെന്ന മാധ്യമ റിപ്പോർട്ടുകൾക്ക് വിശദീകരണമായാണ് സെൻട്രൽ ബാങ്കിന്‍റെ കുറിപ്പ് പുറത്തിറക്കിയത്.

ബുള്ളറ്റിനിലെ ലേഖനത്തിൽ പ്രത്യക്ഷപ്പെട്ട അഭിപ്രായം രചയിതാവിന്‍റേത് മാത്രമാണ്, ഇത് റിസർവ് ബാങ്കിന്‍റെ നിലപാടല്ലെന്നാണ് വിശദീകരണം. നേരത്തെ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം ചിലപ്പോൾ വിപരീത ഫലമുണ്ടാക്കുമെന്ന് റിസർവ് ബാങ്ക് ബുള്ളറ്റിനിലെ ലേഖനത്തിൽ പറഞ്ഞിരുന്നു.