തേഞ്ഞിപ്പലം: ഡിഗ്രി, പിജി കോഴ്സുകളിൽ സീറ്റ് വർധനയ്ക്ക് സർക്കാർ അനുമതി നൽകിയെങ്കിലും കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള ഭൂരിപക്ഷം ഗവ.കോളജുകളും കണ്ണടച്ചതിനാൽ 7,000 വിദ്യാർഥികൾക്ക് ഉപരിപഠനാവസരം നഷ്ടപ്പെട്ടു. കോവിഡ് മഹാമാരി കാരണം 2020-21, 2021-22 വർഷങ്ങളിൽ സീറ്റുകൾ വർദ്ധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഈ അധ്യയന വർഷവും ഇത് തുടരാൻ അനുവദിച്ചു. സീറ്റുകൾ വർധിപ്പിച്ച് അലോട്ട്മെന്‍റിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികളെ പ്രവേശിപ്പിക്കണമെന്നായിരുന്നു സർക്കാർ ഉത്തരവ്.

നിലവിലുള്ള സൗകര്യം ഉപയോഗപ്പെടുത്തി പരമാവധി വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ സീറ്റ് വർദ്ധനവ് നടപ്പാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നെങ്കിലും കൂടുതൽ വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ ക്ലാസ് മുറികൾക്ക് വേണ്ടത്ര വലുപ്പമില്ലെന്ന് അഭിപ്രായപ്പെട്ട് ഭൂരിഭാഗം കോളേജുകളും സർക്കാർ നിർദ്ദേശം നിരസിച്ചു. കോളജ് പ്രിൻസിപ്പൽമാർ‌ അപേക്ഷ നൽകാത്തതിനാൽ യൂണിവേഴ്സിറ്റിക്ക് ഇക്കാര്യത്തിൽ‌ വിശേഷിച്ച് ഒന്നും ചെയ്യാനും കഴിഞ്ഞില്ല. അതേസമയം ഭൂരിപക്ഷം എയ്ഡഡ്, അൺ എയ്ഡഡ് കോളജുകളും സർക്കാർ ഉത്തരവ് നടപ്പാക്കി.