കൊച്ചി: ‘ആഹാ’ എന്ന ചിത്രത്തിന്‍റെ സംവിധായകനെതിരെ ഇതേ ചിത്രത്തിന്‍റെ നിർമ്മാതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ചിത്രത്തിന്‍റെ സംവിധായകൻ ബിപിൻ പോൾ സാമുവലിനെതിരെയാണ് നിർമ്മാതാവ് പ്രേം എബ്രഹാം പരാതി നൽകിയിരിക്കുന്നത്.

ചിത്രത്തിന്‍റെ പകർപ്പവകാശ പ്രശ്നത്തെച്ചൊല്ലിയുള്ള തർക്കവുമായി ബന്ധപ്പെട്ടാണ് കേസ്. ചിത്രത്തിന്‍റെ പ്രിന്റ് സംവിധായകൻ സോഷ്യൽ മീഡിയ വഴിയും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും പ്രചരിപ്പിച്ചുവെന്നും ഇത് തനിക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചുവെന്നും നിർമ്മാതാവ് പരാതിയിൽ പറയുന്നു. പകർപ്പവകാശ നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ സംവിധായകൻ ചിത്രത്തിന്‍റെ പ്രിന്റ് വ്യാപകമായി പ്രചരിപ്പിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലിങ്ക് നിയമവിരുദ്ധമായി പ്രചരിപ്പിച്ചതാണെന്നും ഡയറക്ടറുടെ ഫേസ്ബുക്ക് അക്കൗണ്ട് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.